» » ബ്ലാസ്റ്റേഴ്‌സ് എത്തി; കേരള ടീമിന് മുംബൈ ഹോം ഗ്രൗണ്ടാകും

മുംബൈ: മുംബൈ മലയാളികള്‍ തങ്ങളുടെ സ്വന്തം ടീമിനെ കാത്തിരിക്കുകയാണ്. കാല്‍പന്തുകളിയുടെ ഐ.എസ്. എല്ലിലെ കലാശക്കൊട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് മുംബൈയുടെ ഗാലറിയില്‍നിന്ന് മികച്ച പിന്തുണ ഉറപ്പാണ്. ഫൈനലില്‍ ശനിയാഴ്ച അത്‌ലറ്റിക്കോ കൊല്‍ക്കത്തയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഡി.വൈ. പാട്ടീല്‍ മൈതാനം ഹോം ഗ്രൗണ്ടാകും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ നാട്ടില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരാധകര്‍കൂടി എത്തുമ്പോള്‍ മുംബൈയിലെ ഗ്രൗണ്ട് കേരള ടീമിന് കൊച്ചിയിലെ സ്വന്തം മൈതാനത്തിന് തുല്യമാകും. ഗാലറിയില്‍ നിറയുന്നത് മഞ്ഞപ്പടയുമാകും.

മുമ്പും കേരളത്തിന്റെ ടീമുകള്‍ക്ക് മുംബൈയില്‍ കിട്ടിയ ആവേശകരമായി പിന്തുണയ്ക്ക് പിശുക്കുണ്ടായിരുന്നില്ല. 'ഐ' ലീഗിലും റോവേഴ്‌സ് കപ്പിലും കേരളത്തില്‍നിന്ന് ടീമെത്തുമ്പോള്‍ കൂപ്പറേജിലെ ഗാലറി നിറയുമായിരുന്നു. ഐ.എം. വിജയന്റെയും ജോപോള്‍ അഞ്ചേരിയുടേയും കളി കാണാന്‍ കൂട്ടമായാണ് മുംബൈ മലയാളികള്‍ എത്തിയത്. 1991-92ല്‍ കൂപ്പറേജില്‍ കേരളം സന്തോഷ് ട്രോഫി നേടുന്നത് കാണാനെത്തിയതും ആയിരങ്ങളായിരുന്നു. ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെയാണ് ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരളം അന്ന് കിരീടമണിഞ്ഞത്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ മറ്റൊരു സ്വന്തം ടീം മുംബൈയില്‍ വീണ്ടുമൊരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അതാഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് മുംബൈയിലെ മലയാളികളടക്കമുള്ള ഫുട്‌ബോള്‍ പ്രേമികള്‍.

കൊല്‍ക്കത്തയ്ക്കും നല്ല ആരാധകര്‍ മുംബൈയിലുണ്ട് എന്നത് കഴിഞ്ഞ മത്സരങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ടീമിനെ വെല്ലാന്‍ സൗരവ് ഗാംഗുലിയുടെ ആരാധകര്‍ക്ക് കഴിയുമോ എന്നതാണ് സംശയം. ഫൈനലില്‍ മുംബൈ ടീം ഇല്ലാത്ത അവസ്ഥയില്‍ മുംബൈ നിവാസികളും തെണ്ടുല്‍ക്കറോടൊപ്പം കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് കുഴല്‍ വിളിക്കുമെന്നുറപ്പ്.

കേരളത്തിന്റെ കളി കാണാന്‍ തയ്യാറെടുപ്പുകളുമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഫുട്‌ബോള്‍ പ്രേമികളുടെ വലിയ സംഘങ്ങള്‍തന്നെ ഇവിടെയെത്തുന്നുണ്ട്. ഇതൊക്കെ കേരള ടീമിന് അനുകൂല ഘടകങ്ങളാണ്. ഇതവരുടെ കളിയില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയോടെ തന്നെയാകും കേരളത്തിന്റെ ആരാധകര്‍ എത്തുക.

കൊല്‍ക്കത്ത ടീം വ്യാഴാഴ്ച കാലത്ത്തന്നെ മുംബൈയില്‍ എത്തിയിട്ടുണ്ട്. കേരള ടീം കാലത്ത് കൊച്ചിയിലെ പരിശീലനത്തിനുശേഷം വൈകിട്ടാണ് മുംബൈയിലെത്തിയത്. നാളെ കാലത്ത് കൂപ്പറേജ് ഗ്രൗണ്ടില്‍ അവര്‍ പരിശീലനത്തിനിറങ്ങും.

About News Desk

Hi there! I am Hung Duy and I am a true enthusiast in the areas of SEO and web design. In my personal life I spend time on photography, mountain climbing, snorkeling and dirt bike riding.
«
Next
Newer Post
»
Previous
Older Post

No comments:

Leave a Reply